Hero Image

സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ക്ഷേത്രം; കോടമഞ്ഞ് പുതച്ച കാളിമലയുടെ പ്രത്യേകതകൾ അറിയാം

മലനിരകള്‍ക്ക് മുകളില്‍ ആകാശത്തെ ധ്യാനിച്ച് നില്‍ക്കുന്ന ഒരു ക്ഷേത്രമാണ് കാളിമല ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗാദേവി ക്ഷേത്രം. തിരുവനന്തപുരം ജില്ലയില്‍ വെള്ളറടയ്ക്ക് സമീപമാണ് ഈ ക്ഷേത്രം. സഹ്യപർവത മുകളിൽ സ്ഥിതിചെയ്യുന്ന കാളിമല ദക്ഷിണഭാരത തീർത്ഥാടനകേന്ദ്രമായാണ് അറിയപെടുന്നത്.

പരാശക്തിയുടെ മാതൃരൂപമായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി.

അതോടൊപ്പം തുല്യ പ്രാധാന്യത്തോടെ ഒരു ധർമ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും, ഗണപതിയും ഉപദേവതകൾ ആയി ഇവിടെ കാണാം. സമുദ്രനിരപ്പില്‍ നിന്നും മൂവായിരം അടി മുകളില്‍ സ്ഥിതി ചെയ്യുന്ന കാളിമലക്ഷേത്രം ഐതിഹ്യങ്ങളും വിശ്വാസങ്ങളും സമന്വയിക്കുന്ന ദേവഭൂമിയാണ്.

വെള്ളറടക്കു സമീപം കേരള, തമിഴ്നാട് അതിര്‍ത്തിയില്‍ സഹ്യപര്‍വതത്തിന്റെ ഭാഗമായ വരമ്പതി മലനിരയിലാണ് കാളിമല. കാടിന്റെയും മലനിരകളുടെയും ശാന്തതയില്‍ പ്രാചീനകാലത്തെങ്ങോ നിര്‍മിച്ചതാണ് ക്ഷേത്രം. ക്ഷേത്രത്തിന്റെ പഴക്കത്തെ കുറിച്ച് ആര്‍ക്കും നിശ്ചയമില്ല. പക്ഷേ, ശക്തിയും ചൈതന്യവും ഭക്തഹൃദയങ്ങളെ ഇവിടേക്ക് അടുപ്പിക്കുന്നു.

വിശേഷ ദിവസങ്ങളില്‍ ശബരിമലയിലെ പോലെ ഭക്തര്‍ വ്രതം അനുഷ്ഠിച്ചു മല ചവിട്ടുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണമി നാളില്‍ നടക്കുന്ന പൊങ്കാല ഏറ്റവും വിശേഷമാണ്. ഈ വർഷത്തെ പൊങ്കാല ഇന്നായിരുന്നു. ക്ഷേത്രത്തിലെ തീർത്ഥാടനം ഈ മാസം 18-നാണ് ആരംഭിച്ചത്. നഗരത്തിരക്കുകളില്‍ നിന്നും മാറി അല്‍പ്പസമയം ശാന്തമായി ചിലവഴിക്കാനും കാടിന്‍റെ തണുപ്പും കാട്ടുജീവികളുടെ പരസ്പരമുള്ള കുശലാന്വേഷണങ്ങളുമെല്ലാം ആസ്വദിക്കാനുമെല്ലാം ഇഷ്ടമുള്ളവര്‍ക്ക് ഇവിടേക്ക് വരാം.

കാളിമലയെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്. വരമ്പതിമലയിൽ തപസ്സനുഷ്ഠിച്ചിരുന്ന അഗസ്ത്യമുനിയുടെ തപസ്സിൽ സന്തുഷ്ടനായ ശ്രീധർമ്മശാസ്താവ് അഗസ്ത്യമുനിക്ക് നേരിട്ട് ദർശനമേകിയെന്നും. മുനിയുടെ തപഃശക്തിയിൽ മലമുകളിൽ രൂപംകൊണ്ട ഉറവയിൽനിന്നും ഔഷധഗുണമുള്ള ജലം പ്രവഹിച്ചു തുടങ്ങിയെന്നും. കൊടുംവേനലിൽ വറ്റാത്ത ഉറവയായി ശക്തിതീർത്ഥം അഥവാ ദേവിതീർത്ഥം എന്ന പേരിൽ ഇത് അറിയപെടുന്നു. ദുരിതശാന്തിക്കായി ഗംഗാതീർത്ഥം പോലെ കാളീതീർത്ഥവും വീടുകളിൽ കൊണ്ടുപോയി പവിത്രമായി ഭക്തർ സൂക്ഷിക്കുന്നു.

ചിത്രാപൗർണമി നാളിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല അർപ്പിക്കുന്നത് ഈ ശക്തിതീർത്ഥത്തിലെ ജലം കൊണ്ടാണ്. അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച സ്ഥലത്ത് ഒരു സർപ്പം കല്ലായി കിടക്കുന്നുണ്ട് എന്ന വിശ്വാസവും നിലവിൽ ഉണ്ട്. എന്നാൽ എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ മാർത്താണ്ഡവർമ മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നും മാർത്താണ്ഡവർമ മഹാരാജാവ് ക്ഷേത്രത്തിൻറെ പേരിൽ 600 ഏക്കർ ഭൂമി കരം ഒഴിവാക്കി പട്ടയം നൽകി എന്നും മറ്റൊരു ഐതിഹ്യം കൂടെയുണ്ട്.

മലയുടെ അടിവാരത്തില്‍ നിന്നും ആറു കിലോമീറ്ററോളം നടന്നു വേണം ക്ഷേത്രം സ്ഥിതിചെയ്യുന്ന കൊടുമുടിയില്‍ എത്താന്‍. ഇതില്‍ രണ്ടു കിലോമീറ്റര്‍ ദൂരം കാട്ടുവഴിയാണ്. കാളിമലയുടെ തെക്ക് വശം ഒഴിച്ചാല്‍ ബാക്കിയെല്ലാ ഭാഗത്തും അഗാധമായ ഗര്‍ത്തമാണ്. ഇടയ്ക്കിടെ വഴുവഴുത്ത പാറക്കൂട്ടങ്ങളും കാണാം. യാത്രക്ക് പ്രത്യേക പാസോ ടിക്കറ്റോ ഒന്നും വേണ്ട. തികച്ചും സൗജന്യമായി മല കയറാം, ദര്‍ശനം നടത്താം.

ചൊവ്വ, വെള്ളി, ഞായർ, നവരാത്രി, വിജയദശമി ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും. വനത്തിന്റെയും മലയിടുക്കുകളുടെയും ശാന്തതയിൽ പ്രാചീന ദ്രാവിഡ രീതിയിലുള്ള ഒരു ശക്തി സങ്കൽപ്പമാണ് കാളിമല ക്ഷേത്രം. ഈ വിശ്വാസത്തിന് പ്രാചീന, ചരിത്രാതീത കാലത്തെ ഗുഹാനിവാസികളുടെ കാലത്തോളം പഴക്കം വരും.

READ ON APP